കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബി.എ. ആളൂർ. ഒരു നിരപരാധിയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. 'കേസിൽ മുടിനാരിഴകീറി പരിശോധിച്ച് എല്ലാകാര്യങ്ങളും കോടതിയിൽ സമർപ്പിച്ചതാണ്. പെൺകുട്ടിയെ ഉപദ്രവിച്ചത് പ്രതിയല്ല എന്നത് ആവർത്തിച്ച് പറഞ്ഞതാണ്. ഈ കാര്യങ്ങളൊന്നും കോടതി രണ്ടാമത് പരിഗണിച്ചില്ല. വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽപോകും.

അപ്പീലിൽ ഓരോകാര്യങ്ങളും അക്കമിട്ട് പറഞ്ഞതാണ്. നിരപരാധിയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. കാരണം മറ്റാരോ കുറ്റംചെയ്തിട്ട് അവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ശാസ്ത്രീയമായ അന്വേഷണം നടന്നില്ലെന്ന് അന്ന് ഡി.ജി.പി. വരെ പറഞ്ഞിരുന്നു. പിന്നീട് പുതിയ അന്വേഷണസംഘം വന്നാണ് പ്രതിയെപിടികൂടിയത്.

2021-ലെ സുപ്രീംകോടതിയുടെ പുതിയ മാനദണ്ഡമനുസരിച്ച് പ്രതിക്ക് വധശിക്ഷ കൊടുക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് തേടേണ്ടതായിരുന്നു. കാര്യക്ഷമമായ രീതിയിൽ ആ റിപ്പോർട്ട് തേടിയില്ല. പ്രതിയെക്കുറിച്ചോ പ്രതിയുടെ കുടുംബത്തെക്കുറിച്ചോ അമിക്കസ് ക്യൂറിയോ കോടതിയോ അന്വേഷിച്ചില്ല", ബി.എ. ആളൂർ മാധ്യമങ്ങളോട് പറഞ്ഞു.