- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയിൽ സന്തോഷം; മുൻ ഡിജിപി ബി സന്ധ്യ
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അസം സ്വദേശി അമീറുൾ ഇസ്ലാമിന് വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയോട് പ്രതികരിച്ച് അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മുൻ ഡിജിപി ബി സന്ധ്യ. വിധിയിൽ സന്തോഷമുണ്ടെന്നും ഇത് സമൂഹത്തിനു ഒരു പാഠം ആണെന്നും സന്ധ്യ പ്രതികരിച്ചു. പൊലീസ് മികച്ച രീതിയിൽ അന്വേഷണം നടത്തി. ടീമിന്റെ മികവാണ് സഹായകമായതെന്നും ബി സന്ധ്യ പറഞ്ഞു.
ചിതറിക്കിടന്ന തെളിവുകളും, ശാസ്ത്രീയ പരിശോധനാ ഫലങ്ങളും, സൈബർ തെളിവുകളും, ദൃക്‌സാക്ഷി മൊഴികളുമെല്ലാം ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ ഒരുപാട് പണിപ്പെട്ടു. അടച്ചുറപ്പില്ലാത്തൊരു വീട്ടിൽ ജീവിക്കുമ്പോഴാണ് ആ പെൺകുട്ടി ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായത്. ആ അമ്മയുടെ കണ്ണീർ മറക്കാൻ കഴിയില്ല. തന്റെ നേതൃത്വത്തിലുള്ള ടീം അന്വേഷണം ഏറ്റെടുത്തപ്പോഴേക്കും തെളിവുകളിൽ പലതും ലാബുകളിലെത്തിയിരുന്നു, എല്ലാം ഏകോപിപ്പിച്ചെടുത്തു, ദൃക്‌സാക്ഷികളെ കണ്ടെത്തി. സംശയങ്ങളുണ്ടായപ്പോൾ പുസ്തകങ്ങൾ റഫർ ചെയ്തും വിദഗ്ധരുമായി ചർച്ച നടത്തിയും ഉത്തരങ്ങൾ കണ്ടെത്തുകയായിരുന്നു. പൊലീസുകാർ നല്ലതുപോലെ പ്രവർത്തിച്ചു. പ്രോസിക്യൂഷൻ കഠിനപ്രയത്‌നം നടത്തിയെന്നും ബി സന്ധ്യ പറഞ്ഞു.
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഇന്നാണ് വിധി പ്രഖ്യാപിച്ചത്. പ്രതിയുടെ അപ്പീൽ ഹൈക്കോടതി തള്ളുകയായിരുന്നു. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്.