തിരുവനന്തപുരം: കമ്പനികളുടെ വ്യാജ വെബ് സൈറ്റും ലൈറ്റർ ഹെഡും ഉപയോഗിച്ച് വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി വഴി പരസ്യം ചെയ്തും ഗൂഗിൾ മീറ്റിലൂടെ വിദേശവനിതകളെ ഉപയോഗിച്ച് ഓൺലൈൻ ഇന്റർവ്യൂ ചെയ്തും കാനഡയിൽ ഉപരി പഠനവും ജോലിയും വാഗ്ദാനം ചെയ്ത് വ്യാജഓഫർ ലെറ്റർ അയച്ചും 47 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ജാമ്യം.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയും പൊലീസിനെ വിമർശിച്ചു കൊണ്ടും പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. സിറ്റി സൈബർ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനമാണ് ഏറ്റു വാങ്ങേണ്ടി വന്നത്.

വൻ തട്ടിപ്പു കേസിലെ 1 മുതൽ 5 വരെ പ്രതികളായ ആലപ്പുഴ സ്വദേശിയായ ശ്രീരാഗ് കമലാസനൻ, ഇടുക്കി മുരിക്കാശ്ശേരി സ്വദേശി ലിയോ.വി ജോർജ്, തിരുവനന്തപുരം സ്വദേശി ആഷിക്, കായംകുളം സ്വദേശി ജയിൻ വിശ്വംഭരൻ, തൃശ്ശൂർ സ്വദേശി സതീഷ്‌കുമാർ എന്നിവരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. അറസ്റ്റു ചെയ്യപ്പെട്ട് 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സൈബർ പൊലീസ് വീഴ്ചയിലാണ് പ്രതികൾ ജാമ്യം നേടിയത്.

വിദേശത്തു ഉപരിപഠനവും ജോലിയും വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന മുംബൈ മലയാളി സംഘത്ത തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ഡിവൈഎസ്‌പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ന്യൂഡെൽഹിയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

10 വർഷം വരെ ശിക്ഷിക്കാവുന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ പ്രതിയുടെ അറസ്റ്റ് തീയതി മുതൽ 60 ദിവസത്തിനകം അന്വേഷണ ഏജൻസി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) (എ) (2) പ്രകാരം പ്രതികൾക്ക് ജാമ്യത്തിനർഹതയുണ്ട്. പ്രതികളിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ട് രേഖകൾ, വ്യജ വെബ്‌സൈറ്റ് നിർമ്മിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പ് എന്നിവയുൾപ്പെടെ നിരവധി സിം കാർഡുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പേരിൽ വിവിധ വെബ് സൈറ്റുകൾ വഴി പരസ്യങ്ങൾ നൽകി, അതിൽ ആകൃഷ്ടരാകുന്നവരെ കുറഞ്ഞ സർവ്വീസ് ചാർജ്ജിലൂടെ തൊഴിലും മൈഗ്രേഷനും ഉൾപ്പെടെ വാഗ്ദാനം നൽകി പണം തട്ടിയെടുക്കലായിരുന്നു ഇവരുടെ രീതി.

ആദ്യഘട്ടത്തിൽ ഫോൺമുഖാന്തിരവും രണ്ടാം ഘട്ടത്തിൽ ഗുഗിൾമീറ്റ് വഴി വിദേശവനിതകളെ ഉപയോഗിച്ച് ഓൺലൈൻ ഇന്റർവ്യൂ നടത്തി വിശ്വാസം നേടിയെടുത്ത ശേഷം അപേക്ഷകർക്ക് ആകർഷകമായ സാലറി കാണിച്ചുള്ള വ്യാജ ഓഫർ ലെറ്റർ നൽകിയിരുന്നു. തുടർന്ന് വിവിധ എമിഗ്രേഷൻ നടപടികളുടെ ഭാഗമായാണെന്ന് അപേക്ഷകരെ വിശ്വസിപ്പിച്ചാണ് വിവിധ ബാങ്കുകളുടെ യുപിഐഡികളിലേയ്ക്കാണ് പ്രതികൾ പണം ശേഖരിച്ചിരുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ യാത്ര ചെയ്ത് ആഡംബര അപ്പാർട്ടുമെന്റുകൾ ബിസിനസ് കാരാണെന്ന വ്യാജേന ദിവസ വാടകയ്ക്ക് എടുത്ത് അവിടത്തെ മേൽവിലാസങ്ങളാണ് ഡിടിഎൻപി വെബ് സൈറ്റിൽ ബ്രാഞ്ച് ഓഫീസുകളായി കാണിച്ചിട്ടുള്ളത്. ഈ മേൽവിലാസത്തിലുള്ള സിംകാർഡുകളും സൗജന്യ വൈഫൈ കണക്ഷനുകളുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിവൈസുകൾ നിശ്ചിത സമയത്തിന് ശേഷം നശിപ്പിച്ച് കളയുകയായിരുന്നു പതിവ്.