തലശേരി: കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ സ്‌ഫോടനം നടന്ന് യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി അനുമാലിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച്ച രാവിലെ ഹര്‍ജി പരിഗണിച്ച ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. കണ്ണപുരത്ത് പയ്യന്നൂരിലെ ഹയര്‍ ഗുഡ്‌സ് സ്ഥാപന നടത്തിപ്പുകാരനെന്ന വ്യാജേനെ വാടക വീടെടുത്ത് അനൂപ് മാലിക്ക് ബോംബു നിര്‍മാണമാണ് നടത്തിയതെന്ന് പബ്‌ളിക് പ്രൊസിക്യൂട്ടര്‍ അജിത്ത് കുമാര്‍ വാദിച്ചു.പ്രതിയുടെ പേരില്‍ സമാനമായ കേസ് നേരത്തെയുമുണ്ടെന്ന് പ്രൊസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഇതു അംഗീകരിച്ചു കൊണ്ടാണ് കോടതി അനൂപ് മാലിക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്.

കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓഗസ്റ്റ് 30 ന്പുലര്‍ച്ചെ രണ്ട് മണിയോടെ ഉഗ്ര സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ പോകാന്‍ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതി കൂടിയാണ് അനൂപ് മാലിക്.

സ്‌ഫോടനത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്ന വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരി വെക്കുന്നതായിരുന്നു കണ്ടെത്തലുകള്‍.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിരുന്നു. കണ്ണപുരത്ത് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി അഷാം അനുപ് മാലിക്കിന്റെ അടുത്ത ബന്ധുവും സഹപ്രവര്‍ത്തകനുമാണ്.