കണ്ണൂർ: പിതൃസ്മരണയിൽ കണ്ണൂർ പയ്യാമ്പലത്ത് കർക്കിക വാവ് ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മുൻവർഷങ്ങളില്ലാത്തതിനെക്കാൾ വിശ്വാസികളുടെ തിരക്കാണ് ഇക്കുറി പയ്യാമ്പലത്തുണ്ടായത്. കണ്ണൂർ പയ്യാമ്പലത്ത് ബലിതർപ്പണം നടത്തുന്നതിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇക്കുറി എത്തിയത്. കടൽതീരത്ത് ബലിതർപ്പണത്തിനെത്തിയവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ഒരേസമയം നൂറുകണക്കിനാളുകൾക്ക് പിതൃതർപ്പണം നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു.

കർക്കടക വാവ് ദിനത്തിലെ ബലി തർപ്പണത്തിന് ജില്ലയിലെപ്രധാനക്ഷേത്രങ്ങളിലെല്ലാം സൗകര്യമൊരുക്കിയിരുന്നു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മൂന്ന് ശാന്തിമാരും 25 പരികർമികളും ബലി തർപ്പണ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.ഇതിന് പുറമെ തിലഹവനം, വിഷ്ണു പൂജ എന്നിവയും നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലൊരുക്കിയിരുന്ന. കണ്ണൂർ മേലെ ചൊവ്വ ശിവക്ഷേത്രത്തിലും പിതൃതർപ്പണത്തിനായി നൂറുകണക്കിനാളുകളെത്തി.

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ തോട്ടട കടപ്പുറത്ത് ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. രാവിലെ ആറരമുതൽ പിതൃപുണ്യം തേടിയുള്ള ബലിതർപ്പണം നൂറുകണക്കിനാളുകൾ നടത്തി. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ബലി തർപ്പണം നടന്നു.. പുലർച്ചെ അഞ്ചുമണിക്കാണ് ഇവിടെ ചടങ്ങുകൾ നടത്തിയത്.

തലായി കടൽത്തീരത്ത് തിങ്കളാഴ്ച പുലർച്ചെ ആറുമണിമുതൽ 11 വരെ പിതൃതർപ്പണം നടന്നു. തലായി ബാലഗോപാല സേവാ സംഘവും തൃക്കൈ ശിവക്ഷേത്ര സംരക്ഷണ സമിതിയുമാണ് പിതൃതർപ്പണ സൗകര്യമൊരുക്കിയത്. തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയത്. പിണ്ഡ കുളത്തിൽ പുലർച്ചെ നാലുമണിമുതൽ തർപ്പണം ആരംഭിച്ചു. പുലർച്ചെ 4.30-ന് പ്രസാദ വിതരണം തുടങ്ങി.

ടോക്കൺ പ്രകാരമാണ് ഇവിടെ തർപ്പണത്തിനെത്തിയവരെ നിയന്ത്രിച്ചത്. കോവിഡ് പ്രതിസന്ധി വിട്ടു മാറിയതിനു ശേഷം ഇക്കുറികണ്ണൂർ ജില്ലയിൽ സ്ത്രീകൾഉൾപ്പെടെയുള്ള ആയിരങ്ങളാണ് പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തിയത്. തെളിഞ്ഞ കാലാവസ്ഥയും അനുകൂലമായി. ഞായറാഴ്‌ച്ച രാത്രിയിൽ പലയിടങ്ങളിലും മഴപെയ്തിരന്നുവെങ്കിലും തിങ്കളാഴ്‌ച്ച പുലർച്ചെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.കർക്കിടവാവിന് തന്നെ രാമായണ മാസാചരണം തുടങ്ങുന്നുവെന്ന പ്രത്യേകതയും ഇക്കുറി വിശ്വാസികളെ സംബന്ധിച്ചിട്ടുണ്ട്.