- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവം; നടൻ ശ്രീനാഥ് ഭാസിക്ക് എതിരായ വിലക്ക് പിൻവലിച്ചു
കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. രണ്ടു മാസങ്ങൾക്കു ശേഷമാണ് നടന് എതിരായ നടപടി സംഘടന നീക്കിയത്.
അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാകയോട് മോശമായി പെരുമാറിയത് വലിയ വാർത്തയായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ സംഘടന താത്കാലികമായി വിലക്കുകയായിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീർപ്പായിരുന്നെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. ശ്രീനാഥ് ഭാസിക്കെതിരെ വിലക്കിനെതിരെ മമ്മൂട്ടി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരക പൊലീസിൽ പരാതി നൽകിയത്. മരട് പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് കേസ് ഒത്തുതീർപ്പായി. അവതാരക പരാതി പിൻവലിച്ചു. അതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു. കേസ് പിൻവലിച്ചെങ്കിലും വിലക്കു തുടരുകയായിരുന്നു.




