കണ്ണൂർ: ഭക്ഷ്യസുരക്ഷാ ഓഫീസർ തസ്തികയിലേക്ക് മെഡിക്കൽ ബിരുദധാരികൾക്ക് അപേക്ഷിക്കാമെന്ന യോഗ്യതാ മാനദണ്ഡം നിലനിൽക്കെ ആയുഷ് മെഡിക്കൽ ബിരുദധാരികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ) സർക്കുലർ ഇറക്കി കഴിഞ്ഞു.എഫ്.എസ്.എസ്.എ.ഐ.

ഒക്ടോബർ 12-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം 'മരുന്നുകളിലെ ബിരുദം' എന്ന പദത്തിന്റെ അർഥം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 പ്രകാരം അംഗീകരിച്ച മെഡിക്കൽ ബിരുദങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കുന്നു. ഈ പരാമർശമാണ് ആയുഷ് വിഭാഗത്തിന് തിരിച്ചടിയാകുന്നത്.

ഈ മാനദണ്ഡം നിലവിൽ വരാത്തതിനാൽ നേരത്തേ ആയുഷ് മെഡിക്കൽ ബിരുദധാരികളായ ഒട്ടേറെ പേരാണ് ഭക്ഷ്യസുരക്ഷാ ഓഫീസർ തസ്തികയിൽ ജോലിചെയ്ത് വനിന്രുന്നത്. പക്ഷേ നിലവിലെ ഉത്തരവ് പ്രകാരം ഇനി ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ വിഭാഗത്തിൽപ്പെട്ടവരുടെ ബിരുദം വെച്ച് ഈ തസ്തികയ്ക്ക് അപേക്ഷിക്കാനാകില്ല.

വൈദ്യശാസ്ത്രത്തിലെ ബിരുദം എന്ന മാനദണ്ഡത്തിൽ മറ്റൊരു വൈദ്യശാസ്ത്ര സമ്പ്രദായവും ഉൾപ്പെടുന്നില്ലെന്നും മറ്റേതെങ്കിലും കൗൺസിലുകൾ നൽകുന്ന ബിരുദം ഉൾപ്പെടുത്തുകയോ വായിക്കുകയോ ചെയ്യുന്നത് ശരിയല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കേന്ദ്ര ആയുഷ് മന്ത്രാലയവും എഫ്.എസ്.എസ്.എ.ഐ.യും സംയുക്തമായി പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി 'ആയുഷ് ആഹാർ' പദ്ധതിയിലടക്കം പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ആയുഷ് ബിരുദധാരികളോടുള്ള വിവേചനം.

അതേസമയം തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിൽ ആയുഷ് ബിരുദധാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി.രാമനാഥൻ ഡയറക്ടർക്ക് കത്തയച്ചു.

ഗുജറാത്തിലെ ജാംനഗറിൽ പരമ്പരാഗത മരുന്നുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോളകേന്ദ്രം സ്ഥാപിച്ച സാഹചര്യത്തിലാണ് ആയുഷ് ഉൾപ്പെടെ പരമ്പരാഗത സംവിധാനങ്ങളിലെ മെഡിക്കൽ ബിരുദധാരികളുടെ അവസരങ്ങൾ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.