- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടരക്കോടി രൂപ തട്ടിയെടുത്തിട്ടും കോഴിക്കോട് കോർപ്പറേഷൻ അറിഞ്ഞില്ല; ഒന്നരമാസത്തിനിടെ 2.54 കോടി ബാങ്ക് മാനേജർ തട്ടിയ വിവരം പുറത്തുവരുന്നത് ബാങ്ക് അധികൃതരുടെ പരാതിയിൽ; അഴിമതിക്കിടയിൽ പണമിടപാടും ഫണ്ട് വിനിയോഗവും സംബന്ധിച്ച് കോർപ്പറേഷന് ധാരണയില്ലെന്ന് പ്രതിപക്ഷം
കോഴിക്കോട്: അക്കൗണ്ടിൽ നിന്നും ഒന്നരമാസത്തിനിടെ രണ്ടരക്കോടി രൂപ തട്ടിയെടുത്തിട്ടും തിരിച്ചറിയാതെ കോഴിക്കോട് കോർപ്പറേഷൻ ബാങ്ക് മാനേജരാണ് കോർപറേഷന്റെ അക്കൗണ്ടിലെ 2.54 കോടി രൂപ തട്ടിയെടുത്തത്.മാനേജരുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ അന്വേഷിക്കവേ ബാങ്ക് അധികൃതരാണ് തട്ടിപ്പു കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകിയതോടെയാണു കോർപറേഷൻ അധികൃതർ തട്ടിപ്പ് തിരിച്ചറിയുന്നതും പരാതിയുമായി രംഗത്ത് വരുന്നതും.തട്ടിപ്പ് പുറത്തുവന്നതോടെ പഞ്ചാബ് നാഷനൽ ബാങ്ക് ലിങ്ക് റോഡ് ശാഖാ മാനേജരുടെ പരാതിയിൽ മുൻ മാനേജർ എംപി. റിജിലിനെതിരെ ടൗൺ പൊലീസ് കേസെടുത്തു.
കോർപറേഷന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി ഒന്നരമാസത്തിനിടയിലാണ് രണ്ടരക്കോടി രൂപ റിജിൽ തട്ടിയെടുത്തത്.ബാങ്കിലെ മറ്റ് ഇടപാടുകളിൽ നിന്നും കൂടുതൽ തുക നഷ്ടമായിട്ടുണ്ടോ എന്നു വിശദ അന്വേഷണത്തിലേ വ്യക്തമാകൂ.ചില സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിൽ നിന്നും ഇയാൾ നിന്നും പണം തട്ടിയതായും സൂചനയുണ്ട്.ബാങ്ക് അധികൃതർ നവംബർ 29നു നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കോർപറേഷന്റെ പരാതിയിൽ ഇന്നലെ ഉച്ചവരെ കേസെടുത്തിരുന്നില്ല.നിലവിൽ എരഞ്ഞിപ്പാലം ശാഖ മാനേജരായ റിജിലിനെ അന്വേഷണ വിധേയമായി ബാങ്കിൽ നിന്നു സസ്‌പെൻഡ് ചെയ്തു.
എന്നാൽ തങ്ങളുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് തട്ടിപ്പ് പുറത്തുവന്നതോടെ കോർപറേഷൻ അധികൃതരുടെ വിശദീകരണം.അക്കൗണ്ടിലെ പിഴവിൽ സംശയം തോന്നി ബാങ്ക് അധികൃതരോടു ചൂണ്ടിക്കാട്ടിയപ്പോൾ അക്കൗണ്ട് ഇടപാട് കൃത്യമാക്കി സ്റ്റേറ്റ്‌മെന്റ് അയച്ചു തന്നിരുന്നു.വീണ്ടും പിഴവ് കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണു 2.54 കോടി രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.ഇത് അറിഞ്ഞ ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.
അതേസമയം കോർപറേഷന്റെ ഫണ്ട് വിനിയോഗവും പണമിടപാടുകളും സംബന്ധിച്ചു ഭരണസമിതിക്കും സെക്രട്ടറിക്കും ധാരണയില്ലെന്നും യു.ഡി.എഫ് ആരോപിച്ചു.ബാങ്ക് മാനേജർ പരാതി നൽകിയപ്പോഴാണു കോർപറേഷൻ സംഭവം അറിയുന്നത്.ഇത്തരം അപാകതകളെക്കുറിച്ച് കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു.മുനിസിപ്പൽ ചട്ടപ്രകാരം ആഴ്ചയിൽ ഒരിക്കലെങ്കിലും ബാങ്കിൽ നിന്നു സ്റ്റേറ്റ്‌മെന്റ് വാങ്ങണം. നിത്യവരുമാനം അക്കൗണ്ടിൽ എത്തിയോ ഇല്ലയോ എന്നു പരിശോധിക്കാൻ സെക്രട്ടറി തയാറായിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു.ഇത്തരത്തിൽ കോർപറേഷന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.




