കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയില്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബേപ്പൂര്‍ ഒരു പോര്‍ട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

നിരവധി പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും നിലവില്‍ തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനും തീരുമാനം സഹായിക്കും.പോര്‍ട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് അവരുടെയെല്ലാം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മറ്റ് കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂരിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ എന്നിവര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.