കൊച്ചി: അനുമതികള്‍ ലഭിച്ചാല്‍ ഉടന്‍ തിരുവനന്തപുരം മെട്രോ നിര്‍മാണം ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചില മാറ്റങ്ങള്‍ നിലവിലെ വിശദപദ്ധതി രേഖയില്‍ വരുത്താനുണ്ട്. മാറ്റങ്ങള്‍ വരുത്തിയ ശേഷം ഒന്നരമാസത്തിനുള്ളില്‍ വിശദ പദ്ധതി രേഖ സംസ്ഥാന മന്ത്രി സഭയുടെ അംഗീകാരത്തിന് സമര്‍പിക്കും. അംഗീകാരത്തിന് ശേഷം കേന്ദ്രമന്ത്രിസഭക്ക് കൈമാറും. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണത്തിലേക്ക് കടക്കുമെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.

എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. അനുമതികള്‍ക്കായി ആറ് മാസമാണ് പ്രതീക്ഷിക്കുന്നത്. ആസൂത്രണം ചെയ്തിരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ രണ്ടരവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. കൊച്ചി മെട്രോ മാതൃകയിലാകും പദ്ധതി. പദ്ധതിതുകയുടെ 20 ശതമാനം വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 60 ശതമാനം തുക വായ്പയാകും. സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ വായ്പാതുക കുറയും. 7800-8000 കോടിയുടേതാകും പദ്ധതി.

അത്യാധുനിക സാങ്കേതി വിദ്യകളും കൂടി ചേരുമ്പോള്‍ നിര്‍മാണം വേഗത്തില്‍ തീര്‍ക്കാന്‍ കഴിയും. വിഴിഞ്ഞം വരെ നീട്ടാന്‍ കഴിയും വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാവിയില്‍ തിരുവനന്തപുരം പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ കഴിയും. ഡിജിറ്റല്‍ ടിക്കറ്റിങ്, നടപ്പാത, ഇലക്ട്രിക് ഓട്ടോ, ബസ് അടക്കമുള്ള ഫീഡര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ തിരുവനന്തപുരത്തുണ്ടാകും. മുഴുവന്‍ സ്റ്റേഷനുകളിലും പാര്‍ക്കിങ് ഉറപ്പാക്കും. സ്ഥലലഭ്യത ഇല്ലാത്തയിടങ്ങളില്‍ മള്‍ടിലെവല്‍ പാര്‍ക്കിങ് ഒരുക്കും.

കൊച്ചിയില്‍ പ്രതിദിനമുള്ള യാത്രക്കാരുടെ അത്രമോ, അതില്‍ കൂടുതലോ ആണ് തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ടം 2026 ഡിസംബറില്‍ തീരും. കേന്ദ്രം തന്ന സമയത്തിന് മുന്‌പേ അവിടെ പൂര്‍ത്തിയാകുമെന്നും ബെഹ്റ പറഞ്ഞു.