പാണ്ടിക്കാട്: കളിക്കിടെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങിയ 12കാരനെ രക്ഷപ്പെടുത്തി ട്രോമാകെയര്‍. കളിക്കിടയില്‍ അബദ്ധത്തില്‍ ബെല്‍റ്റ് കഴുത്തില്‍ ഇട്ടുനോക്കിയതാണ്. പെട്ടെന്ന് അത് കഴുത്തില്‍ കുടുങ്ങി. പന്തല്ലൂര്‍ കിഴക്കുമ്പറമ്പ് സ്വദേശിയായ ഫൈസലിന്റെ കഴുത്തിലാണ് ബെല്‍റ്റ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

കുടുംബാംഗങ്ങളും അയല്‍ക്കാരും ബെല്‍റ്റ് മുറിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുട്ടിക്ക് ശ്വാസതടസവും വേദനയും അനുഭവിച്ചതോടെ പാണ്ടിക്കാട് ട്രോമാകെയര്‍ സ്റ്റേഷന്‍ യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു. ടീം ലീഡര്‍ മുജീബിന്റെ നേതൃത്വത്തില്‍ സക്കീര്‍ കാരായ, ഹനീഫ കിഴക്കുമ്പറമ്പ്, ബഷീര്‍ മൂര്‍ക്കന്‍ എന്നിവര്‍ സ്ഥലത്തെത്തി. വിദഗ്ധപരമായ ശ്രമത്തിലൂടെ ബെല്‍റ്റ് സുരക്ഷിതമായി മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.

കൈവിരലില്‍ കുടുങ്ങുന്ന സമാന സംഭവങ്ങള്‍ ഉള്‍പ്പെടെ ട്രോമാകെയര്‍ ടീം ഇതോടെ 118 കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.