കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് നേരെ ഹോട്ടലുടമയുടെ ക്രൂരമർദനത്തിൽ പൊലീസ് ഇടപെട്ടത് അതിവേഗം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഹോട്ടലുടമ ബെൻ ജോയ് (38), സുഹൃത്ത് ഷൈജു(44) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും ഹോട്ടലുടമ ബെൻ ജോയിയും തമ്മിലുള്ള വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

എളമക്കര സ്വദേശിയായ ഇരുപത്തിനാലുകാരിക്കു നേരെയാണ് ക്രൂര മർദ്ദനം നടന്നത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ഹോട്ടലുടമ യുവതിയുടെ കവിളിൽ മൂന്ന് തവണ മർദ്ദിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. യുവതിയും സുഹൃത്തുമടക്കം എട്ട് പേരുണ്ടായിരുന്നു. ഇവർ രണ്ട് റൂമുകളാണ് എടുത്തത്.

രാത്രിയിൽ ഇവർ മുറിക്കുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നുവെന്നും തുടർന്ന് റൂം ഒഴിഞ്ഞ് പോകണമെന്നും ഹോട്ടലുടമ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് റൂം ഒഴിയാമെന്നും പണം തിരികെ നൽകണമെന്നും യുവതി ആവശ്യം ഉയർത്തി. ഇത് വാക്കുതർക്കത്തിൽ കലാശിച്ചു. തർക്കം രൂക്ഷമായതോടെ യുവതിയെ ഹോട്ടലുടമ ക്രൂരമായി മർദ്ദിച്ചു.

മർദ്ദനമേറ്റ യുവതി നോർത്ത് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് എത്തി ഹോട്ടലുടമയേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.