- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈതോലപ്പായ വിവാദത്തിൽ ജി ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം; ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മാതൃക പിണറായി വിജയൻ പിന്തുടരണം; പുകമറയിൽ നിൽക്കരുതെന്നും ബെന്നി ബെഹനാൻ എംപി
കോട്ടയം: കൈതോലപ്പായയിൽ പൊതിഞ്ഞ് 2.35 കോടി രൂപ കൊണ്ടുപോയെന്ന മുൻ ആരോപണത്തിന്റെ തുടർച്ചയായായി പണം കടത്തിയവരുടെ പേരുകൾ വെളിപ്പെടുത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ രംഗത്തെത്തിയിരിക്കുകയാണ്. അന്നു സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവുമാണ് പണം കൊണ്ടുപോയതെന്ന് ശക്തിധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബെന്നി ബെഹനാൻ എംപി ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് പിണറായി വിജയനാണെന്നും എ.കെ.ജി. സെന്ററിൽ എത്തിച്ചത് വ്യവസായമന്ത്രി പി. രാജീവാണെന്നും താൻ വെളിപ്പെടുത്തിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നാണ് ശക്തിധരൻ ചോദിച്ചത്. വിഷയത്തിലെ യാഥാർഥ്യം പുറത്ത് വരണം. ആരോപണം തെറ്റാണെങ്കിൽ ശക്തിധരനെതിരേ കേസെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരേ ഉയർന്ന ആരോപണം അന്വേഷിക്കാൻ സ്വയം തയ്യാറായ ഉമ്മൻ ചാണ്ടിയുടെ മാതൃക പിന്തുടരാൻ പിണറായി വിജയൻ തയ്യാറാവണം. മുഖ്യമന്ത്രി പുകമറയിൽ നിൽക്കരുത്. നിരവധി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉയർന്ന് വരുന്നത്. പക്ഷെ ഒന്നിനും മറുപടി പറയാൻ അദ്ദേഹം തയ്യാറാവുന്നില്ല. മുഖ്യമന്ത്രി മൗനം വെടിയണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
അതേസമയം, ശക്തിധരന്റെ പുതിയ വെളിപ്പെടുത്തലിൽ മന്ത്രി പി.രാജീവ് പ്രതികരിച്ചു. ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണ്. വസ്തുതയുടെ കണിക പോലുമില്ലെന്നും പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പി.രാജീവുമാണു പണം കൊണ്ടുപോയതെന്നു ശക്തിധരൻ ആരോപിച്ചിരുന്നു.




