കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയില്‍ ബെവ്കോ ഔട്ട്‌ലെറ്റില്‍ മദ്യ വില്‍പ്പന കുറഞ്ഞതിന് ഷോപ്പ് ഇന്‍ ചാര്‍ജിന് നല്‍കിയ വിവാദ മെമ്മോ ജനറല്‍ മാനേജര്‍ പിന്‍വലിച്ചേക്കും. കണ്ണൂര്‍ പാറക്കണ്ടി ഷോപ്പിലെ ഷോപ്പ് ഇന്‍ ചാര്‍ജിനാണ് കുറ്റാരോപണ മെമ്മോ ലഭിച്ചത്. കോഴിക്കോട് ജില്ലാ പരിശോധനവിഭാഗം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മെമോ നല്‍കിയത്. വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.16 ശതമാനംകുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു.

വില്‍പ്പന കുറഞ്ഞതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സിസിടിവി ഇല്ല ഇത് സ്ഥാപിക്കാനായി ഷോപ്പ് ഇന്‍ ചാര്‍ജിന് സാധിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഇന്‍ ചാര്‍ജിന് മെമ്മോ ലഭിച്ചത്. സംഭവത്തില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം വിചിത്രമായ മെമ്മോ യ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ ട്രേഡ് യൂനിയനുകളും മദ്യ നിരോധനസമിതിയും രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനും കൊള്ളലാഭം കൊയ്യുന്നതിനുമായി ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.

ഇതു സംബന്ധിച്ച്ബിഎംഎസ് മുഖ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വിമുക്തി ഉള്‍പ്പടെ പദ്ധതി കൊണ്ടുവന്ന സര്‍ക്കാര്‍ നയത്തിന് എതിരാണ് ഈ നടപടിയെന്നും വില്‍പ്പന കൂട്ടാന്‍ ഷോപ്പ് ഇന്‍ ചാര്‍ജ്മാര്‍ നിര്‍ബന്ധിതര്‍ ആകേണ്ടി വരുമെന്നും മെമ്മോ നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.