കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിൽ അയൽവാസിയെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. ബിജോയിയുടെ വീടിന്റെ ഉൾവശം കത്തിനശിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബിജോയിയുടെ കുത്തേറ്റ് അയൽവാസി ജോയൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ രാത്രിയാണ് ബിജോയിയുടെ വീടിന് അജ്ഞാതർ തീയിട്ടത്. ഈസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബിജോയിയുടെ ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയതായാണ് എന്നാണ് സൂചന.

ബിജോയി ശല്യക്കാരനാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ബിജോയിക്കെതിരെ നിരവധി പരാതികൾ നാട്ടുകാർ മുണ്ടക്കയം പൊലീസിന് നൽകിയിട്ടുണ്ട്. ഇന്നലെ കൊലപാതകത്തിന് പിന്നാലെ ബിജോയിക്കെതിരെ ജനരോഷം ഉയർന്നിരുന്നു. നാട്ടുകാരിൽ ചിലർ തന്നെയാകാം വീടിന് തീയിട്ടത് എന്നാണ് അഭ്യൂഹം.
ഇന്നലെ രാവിലെ തോട്ടത്തിൽ നിൽക്കുകയായിരുന്ന ജോയലിനെ ബിജോയി അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കുപിതനായ ബിജോയി ജോയലിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.