അഞ്ചൽ: മൂന്ന് മാസത്തോളമായി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട രണ്ട് ഇരുചക്രവാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി ജങ്ഷനിലാണ് ബൈക്കും സ്‌കൂട്ടറും വെച്ചിരുന്നത്.

ലോഡിങ് തൊഴിലാളികളുടേയും ഓട്ടോ ഡ്രൈവർമാരുടേയും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അവർ പ്രാഥമികാന്വേഷണം നടത്തിയെങ്കിലും ഉടമകളെക്കുറിച്ച് ആർക്കും വിവരമില്ലായിരുന്നു. പിന്നാലെ ഏരൂർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇരുവാഹനങ്ങളൂം സ്റ്റേഷനിലേക്ക് മാറ്റി.

മൂന്ന് മാസമായിട്ടും ഉടമസ്ഥർ എത്താത്തതിൽ ദുരൂഹതയുണ്ട്. മോഷ്ടാക്കപ്പെട്ടതോ മറ്റ് കുറ്റകൃത്യങ്ങളിൽപ്പെട്ടതോ ആകാം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളെന്ന് പറയപ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.