തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ഒരു ബാർ കോംപൗണ്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിറ്റ കേസിൽ രണ്ട് പേരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. പേട്ട, പാൽക്കുളങ്ങര, മാനവ നഗർ വയലിൽ വീട്ടിൽ ഉണ്ണി (24), കോട്ടയം വൈക്കം കൊള്ളു പുരക്കൽ ഹൗസിൽ ജിനു ബേബി (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പത്തനംതിട്ട സ്വദേശിയായ ഒരു ബാർ ജീവനക്കാരന്റെ ബൈക്കാണ് മോഷണം പോയത്. ഒന്നാം പ്രതിയായ ഉണ്ണി, ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്കിന്റെ ലോക്ക് തകർത്ത് ഉരുട്ടി പുറത്തിറക്കുകയായിരുന്നു. ഈ സമയം സുരക്ഷാ ജീവനക്കാരൻ വിവരങ്ങൾ തിരക്കിയപ്പോൾ, "പെട്രോൾ തീർന്നു" എന്ന് പറഞ്ഞ് ഇയാൾ വാഹനവുമായി കടന്നു. തുടർന്ന് കിഴക്കേക്കോട്ട ഭാഗത്ത് വെച്ച് ബൈക്ക് രണ്ടാം പ്രതിയായ ജിനു ബേബിക്ക് 2500 രൂപയ്ക്ക് കൈമാറി ഉണ്ണി മടങ്ങി.

വാഹനം കൈപ്പറ്റിയ ജിനു, ബൈക്ക് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങളാക്കി മാറ്റി അട്ടക്കുളങ്ങര ഭാഗത്തെ ഒരു സ്ക്രാപ്പ് കടയിൽ വിൽക്കുകയായിരുന്നു.

ബൈക്ക് മോഷണം സംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയും പഴയ വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന കേന്ദ്രങ്ങളെയും ചുറ്റിപ്പറ്റിയും നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ജിനു ബേബി എറണാകുളം ജില്ലയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.ബി.പ്രവീൺ, എസ്.ഐമാരായ അനു.എസ്.നായർ, സുജോ, ജോർജ് ആന്റണി, എ.എസ്.ഐ സിജു മോൻ, സി.പി.ഒ മാരായ സുനിൽകുമാർ, ഗിരീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.