കടലുണ്ടി:ബൈക്ക് മോഷണംപോയതിനെക്കുറിച്ച് പൊലീസിൽ പരാതിനൽകി വരുന്നതിനിടെ പെട്രോൾ പമ്പിൽ നടന്നത് നാടകീയ സംഭവങ്ങൾ.പരാതി നൽകിയ ശേഷം ആർ.സി ബുക്ക് എടുക്കാൻ പോകുമ്പോഴാണ് പരാതിക്കാരനായ പഞ്ചായത്ത് അംഗത്തിന് മുന്നിൽ മോഷ്ടാക്കൾ അതേ ബൈക്കുമായി പെട്രോൾപമ്പിലേക്കെത്തിയത്.ബൈക്ക് തിരിച്ചറിഞ്ഞതിനെ തുടർന്ന് മോഷ്ടാക്കളിലൊരാളെ മെമ്പറും സുഹൃത്തുക്കളും ചേർന്ന് പിടികൂടി.അതിനിടയിൽ പ്രധാന പ്രതി ഓടിരക്ഷപ്പെട്ടു.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവണ്ണൂർ പെട്രോൾ പമ്പിനുമുന്നിലായിരുന്ന സംഭവം.കടലുണ്ടി പഞ്ചായത്ത് അംഗം പ്രവീൺ ശങ്കരത്തിന്റെ മോട്ടോർ സൈക്കിൾ കോട്ടൂളി കെ.പി.ഗോപാലൻ റോഡിനു സമീപത്തുവെച്ച് ശനിയാഴ്ച രാത്രി ആരോ മോഷ്ടിച്ചിരുന്നു. കോട്ടൂളിയിൽ താമസിക്കുന്ന പ്രവീൺ ശങ്കരത്തിന്റെ സഹോദരീഭർത്താവായിരുന്നു ബൈക്ക് ഉപയോഗിച്ചിരുന്നത്.ഇതേ തുടർന്ന് ഇവർ രണ്ടുപേരും ചേർന്ന് ബൈക്ക് മോഷണം പോയതായി മെഡിക്കൽ കോളേജ് പൊലീസിൽ പരാതിനൽകി.

പരാതി സ്വീകരിച്ച പൊലീസ് വാഹനത്തിന്റെ ആർ.സി.യുടെ ഒറിജിനൽ സ്റ്റേഷനിലെത്തിക്കാൻ അറിയിച്ചതിനെത്തുടർന്ന് അതെടുക്കാൻ ഇരുവരും സുഹൃത്തുക്കളുമൊത്ത് കാറിൽ കോഴിക്കോട്ടുനിന്ന് കടലുണ്ടിയിലേക്ക് ഇവർ തിരികെ പോയി.അതിനിടയിലാണ് തിരുവണ്ണൂരിലെ പെട്രോൾപമ്പിൽ കാറിൽ ഇന്ധനം നിറയ്ക്കുന്നതിനായി കയറുന്നത്.പെട്ടന്നാണ് തന്റെ മോഷണംപോയ ബൈക്കുമായി രണ്ടുയുവാക്കൾ ഇതേ പമ്പിലേക്ക് വന്നത് പ്രവീൺ കണ്ടത്.ഉടൻതന്നെ പ്രവീണും സുഹൃത്തുക്കളും ചേർന്ന് ബൈക്കുമായെത്തിയവരിൽ ഒരാളെ പിടികൂടി. എന്നാൽ ഹെൽമെറ്റുവെച്ച് ബൈക്ക് ഓടിച്ച യുവാവ് ഇതിനിടയിൽ ഓടി രക്ഷപ്പെട്ടു.

സംഭവം നടക്കുന്നതിനിടെ പമ്പിലെത്തിയ മറ്റൊരു യുവാവ്, രക്ഷപ്പെട്ട ഹെൽമെറ്റുധാരി പയ്യാനക്കൽസ്വദേശിയാണെന്ന് തിരിച്ചറിയുകയും അയാളുടെ പൂർണവിവരം പൊലീസിനോടു പറയുകയും ചെയ്തു.ഇയാളുടെ സംസാരത്തിൽ സംശയംതോന്നിയ പൊലീസ് കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോൾ പയ്യാനക്കൽ സ്വദേശിയായ ആ വാഹനമോഷ്ടാവിൽനിന്ന് മുമ്പ് ബൈക്ക് വാങ്ങിയതുവഴിയാണ് പരിചയമെന്ന് യുവാവ് സമ്മതിച്ചു.ഇതേ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇയാളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.