തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ അഞ്ചല്‍ സ്വദേശിക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിനല്‍കി. ഭാര്യക്കും രണ്ട് മക്കള്‍ക്കും യുകെ പൗരത്വമാണുള്ളതെന്ന തരത്തിലാണ് വ്യാജ പ്രചാരണം. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വ്യാജ പ്രചാരണം നടത്തിയതെന്നും കുറ്റക്കാരനെതിരെ കേസെടുക്കണമെന്നും ബിനോയ് വിശ്വം നല്‍കിയ പരാതിയില്‍ പറയുന്നു.

ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി ജോര്‍ജ് സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. മൂത്ത മകള്‍ രശ്മി ബിനോയ് പത്രപ്രവര്‍ത്തകയാണ്. രശ്മി ഇപ്പോള്‍ പാരീസിലെ സയന്‍സസ് പിഒ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ കേന്ദ്രീകരിച്ച് പിഎച്ച്ഡി ചെയ്യുകയാണ്. രണ്ടാമത്തെ മകള്‍ സൂര്യ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയും ഗവ. പ്ലീഡറുമാണ്.