കണ്ണൂർ: മണിപ്പുരിലേതു ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. ചെമ്പേരിയിൽ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ നടത്തിയ മണിപ്പുർ ഐക്യദാർഢ്യ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പുർ പ്രശ്‌നത്തിൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ആത്മാർഥതയില്ല. മണിപ്പുരിൽ സൈന്യം പോലും നിസ്സഹായരായി നിൽക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവർക്കൊപ്പമാണ്. ത്രിവർണ പാതകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാൽ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വർഗീയ വാദം എന്നാണ് പറയേണ്ടത്.

സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത്. പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.