കോഴിക്കോട്: എരുമേലി കണമലയിലെ കാട്ടപോത്തിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായ സംഭവത്തിന് പിന്നാലെ താമരശ്ശേരിയിലും കാട്ടുപോത്തിന്റെ ആക്രമണം. താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ അക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് (35) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബർ ടാപ്പിങ് ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. തുടർന്ന് പരിക്കേറ്റ റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചിരുന്നു. ചാലക്കുടി മേലൂർ ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.