തിരുവനന്തപുരം: മുൻ ബിജെപി വക്താവ് സന്ദീപ് വാരിയർ, മുതിർന്ന നേതാവ് പി.ആർ. ശിവശങ്കർ എന്നിവരെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി. പാലക്കാട് ജില്ലയിൽ നിന്നുള്ള സന്ദീപ് വാരിയർ, എറണാകുളം ജില്ലയിൽ നിന്നുള്ള പി.ആർ.ശിവശങ്കർ എന്നിവരെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി പാർട്ടി വക്താവ് ജോർജ് കുര്യനാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.

2022 ഒക്ടോബറിലാണ് സന്ദീപ് വാരിയരെ സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയത്. സന്ദീപിനെതിരായ നടപടി സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പോലും മുൻകൂട്ടി അറിഞ്ഞില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. സന്ദീപ് വാരിയരെ പാർട്ടി ചുമതലകളിൽ കൊണ്ടുവന്നത് പാലക്കാട്ട് മത്സരിപ്പിക്കാനാണെന്ന സൂചനയുമുണ്ട്.

എറണാകുളത്തെ പ്രധാന നേതാവാണ് ശിവശങ്കർ. സോഷ്യൽ മീഡിയയിലെ ഇടപെടലുകളാണ് ശിവശങ്കറിനെ ശ്രദ്ധേയനാക്കിയത്. എന്നാൽ ബിജെപി ഔദ്യോഗിക നേതൃത്വം ഇതിനെ അച്ചടക്ക ലംഘനമായി പലപ്പോഴും കണ്ടു. അങ്ങനെയാണ് പദവികൾ ഇല്ലാതെയായത്. എല്ലാവരും ഒരുമിച്ച് പോകുമെന്ന സൂചനയാണ് പുതിയ തീരുമാനങ്ങളിലൂടെ ബിജെപി നൽകുന്നത്.