കണ്ണൂർ: പാപ്പിനിശേരിയിൽ സാർവ്വജനിക ഗണേശോത്സവത്തിന് നേതൃത്വം നൽകിയ പുതിയകാവിന് സമീപത്തെ ബിജെപി പ്രവർത്തകന്റെ വാഹനത്തിന് മുൻപിൽ റീത്ത്. ബിജെപി പ്രവർത്തകനായ രാജേഷിന്റെ ഓട്ടോ ടാക്സിയുടെ മുൻ വശത്ത് ആദരാഞ്ജലികൾ എഴുതിയ റീത്ത് വെച്ചതായി കാണപ്പെട്ടത്. ഇതിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

സമാധാനന്തരീക്ഷം നിലനിൽക്കുന്ന പാപ്പിനിശ്ശേരി പ്രദേശത്ത് മനഃപൂർവ്വം സംഘർഷം നടത്താനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവൻ പ്രസ്താവനയിൽ പറഞ്ഞു.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് നാടെങ്ങും സാർവ്വജനിക ഗണേശോത്സവ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗണേശ സേവാ സമിതികളുടേയും സംഘങ്ങളുടേയും ക്ഷേത്രങ്ങളുടേയും നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമഞ്ജന ഘോഷയാത്ര ചൊവ്വാഴ്‌ച്ച നടക്കും. ഞായറാഴ്‌ച്ച ഗണപതി വിഗ്രഹ പ്രതിഷ്ഠ, ഗണപതി ഹോമം, വിവിധ പൂജകൾ, അന്നദാനം എന്നിവ വിവിധ സ്ഥലങ്ങളിൽ നടന്നു. തിങ്കളാഴ്‌ച്ച വിവിധ പൂജകൾ, അന്നദാനം, പായസദാനം, ഭജന തുടങ്ങി വിവിധ പരിപാടികൾ നടക്കും.

കണ്ണൂർ നഗരത്തിൽ താളിക്കാവ്, തളാപ്പ് തുടങ്ങി വിവിധയിടങ്ങളിലും വിവിധ കോവിലുകൾ കേന്ദ്രീകരിച്ചും ഗണേശ വിഗ്രഹ പൂജകൾ നടന്നു വരികയാണ്. എളയാവൂർ, പള്ളിക്കുന്ന് തുടങ്ങി നഗരത്തോട് ചേർന്നുള്ള വിവിധ സ്ഥലങ്ങളിലും വിഗ്രഹ പൂജകൾ നടന്നു വരികയാണ്. എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിഗ്രഹങ്ങൾ ഘോഷയാത്രയായി ചൊവ്വാഴ്‌ച്ച വൈകുന്നേരം താളിക്കാവിൽ സംഗമിച്ച് പയ്യാമ്പലം കടൽത്തീരത്തേക്ക് നിമഞ്ജനത്തിനായി യാത്ര തിരിക്കും. തുടർന്ന് രാത്രിയോടെ വിഗ്രഹങ്ങൾ കടലിൽ നിമഞ്ജനം ചെയ്യും. കണ്ണൂർ നഗരത്തിൽ ഗണേശ സേവാസമിതിക്ക് കീഴിൽ രൂപം കൊടുത്ത റിട്ട. ഡിവൈഎസ്‌പി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.