തിരുവനന്തപുരം: നഗരത്തിലെ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്ത ഇലക്ട്രിക്ക് ബസുകൾ പിൻവലിക്കരുതെന്ന് ബിജെപി. നഗരസഭ നേതൃത്വം നൽകിക്കൊണ്ട് നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളുൾപ്പെടെ സ്ഥലങ്ങളിലെ യാത്രാ ക്ളേശം പരിഹരിക്കാനാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാർട്ട്സിറ്റിയുടെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഇലക്ട്രിക്ക് ബസുകൾ വാങ്ങിയത്.

ഇതിന്റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ഇ ബസുകൾ നഗരത്തിലെ യാത്രാക്ളേശം പരിഹരിക്കാനാണെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായിരുന്നയാൾ വേണമെന്നും ഇപ്പോഴത്തെ മന്ത്രി വേണ്ടെന്നും മേയർ വേണമെന്നും പറയുന്നത് ഭരണകൂടത്തിന്റെ യോജിച്ച ഭരണസംവിധാനത്തിന്റെ തകർച്ചയാണെന്നും നഗരസഭാ കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് വാങ്ങിയിട്ടുള്ള ബസ് ജനങ്ങൾക്ക് ഉപയോഗപ്രദമായ യാത്രാസൗകര്യത്തിന് വേണ്ടിയുള്ളതാണ്. ഇ ബസുകൾ വേണ്ടെന്ന് വയ്ക്കുന്ന മന്ത്രിയും സർക്കാരും ജനങ്ങളെ ദുരിതത്തിലാക്കുകയാണ് ചെയ്യുന്നത്. ഫണ്ടുകൾ ദുർവിനിയോഗം ചെയ്യുന്നത് ഗവൺമെന്റിന് ഉചിതമല്ല. കേന്ദ്രസർക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനുപയോഗിക്കാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നു.

മന്ത്രിയുടെ നിലപാടിനെതിരെ നഗരസഭ ശക്തമായി പ്രതികരിക്കണമെന്നും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കപ്പെടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നഗരസഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം.ആർ. ഗോപൻ പറഞ്ഞു.