പാലക്കാട്: പുതുശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം. കുട്ടികളടങ്ങിയ സംഘത്തിന് നേരെയാണ് ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം. സംഭവത്തില്‍ കാളാണ്ടിത്തറ സ്വദേശി അശ്വിന്‍രാജിനെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. കരോളിന് ഉപയോഗിച്ചിരുന്ന ഡ്രമ്മില്‍ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്താണ് ആക്രമണം നടത്തിയത്.

ഇന്നലെ രാത്രിയാണ് ബിജെപി പ്രവര്‍ത്തകന്‍ പുതുശേരിയില്‍ വെച്ച് പ്രതി കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ചത്. കുട്ടികള്‍ വീടുകള്‍ കയറി ഇറങ്ങുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി. എന്തിനാണ് സിപിഐഎം എന്ന് എഴുതി വച്ചിരിക്കുന്നത് എന്ന് ചോദിച്ച ശേഷം, ബാന്റ് ഉപകരണങ്ങളെല്ലാം തല്ലി തകര്‍ക്കുകയായിരുന്നു. സംഘത്തെ ആക്രമിക്കുകയും ചെയ്തു.

ഡ്രമ്മില്‍ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സിപിഎം പുതുശേരി ഏരിയാ കമ്മിറ്റിയുടെ ഡ്രമ്മാണ് കരോള്‍ സംഘം ഉപയോഗിച്ചിരുന്നത്. ആക്രമണത്തില്‍ കാളാണ്ടിത്തറ സ്വദേശി അശ്വിന്‍രാജിനെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതി കൂടിയാണ് അശ്വിന്‍ രാജ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.