- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ തിരൂരങ്ങാടിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി; കരിങ്കൊടിക്കാരെ നേരിടാൻ ഇടതു പ്രവർത്തകരും
തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനെ തിരൂരങ്ങാടി ചന്തപ്പടിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. ഷെഫീഖ് നന്നമ്പ്ര, എം.എൻ. മുജാഫർ, മുദസിർ കല്ലുപറമ്പൻ, വിജീഷ് തയ്യിൽ, എം.എൻ. ശിഹദ്, എം വി റഷീദ്, ഷാബു കരാടൻ, ആഷിക് കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.
വള്ളിക്കുന്ന് മണ്ഡലം തല നവകേരള സദസ്സ് നടന്ന കാലിക്കറ്റ് സർവകലാശാല കാമ്പസ് പരിസരങ്ങളിൽ നിന്ന് 27 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച് കൊടിയും പ്ലക്കാർഡുകളുമായി എത്തിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാർട്ടി പ്രവർത്തകരെയാണ് തേഞ്ഞിപ്പലം പൊലീസ് കരുതൽ തടങ്കലിലാക്കിയത്.
രാവിലെ 10.30 ഓടെയാണ് സർവകലാശാല പ്രവേശന കവാടത്തിന് മുന്നിൽ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഒരു വനിത കെ.എസ്.യു പ്രവർത്തകയെ അടക്കം പൊലീസ് ഉടൻ തന്നെ ജീപ്പിലേക്ക് തള്ളിക്കയറ്റി തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഫീസ് വർധനവ്, സ്‌കോളർഷിപ്പുകൾ ലഭിക്കുന്നതിലെ കാലതാമസം, സംവരണ അട്ടിമറി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ.എസ്.യു പ്രതിഷേധം. പി. സുദേവ്, നിയാസ് കോഡൂർ, റിയ എലിസബത്ത് റോയ്, പി.കെ. അശ്വിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അതേസമയം, മേലേ ചേളാരി, കോഹഹിനൂർ എന്നിവിടങ്ങളിൽ നിന്നാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശാൻ ഒരുങ്ങി നിന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശാൻ എത്തുന്നവരെ പ്രതിരോധിക്കാൻ ഇടതു സംഘടന പ്രവർത്തകരും സ്ഥലത്ത് തമ്പടിച്ചിരുന്നു.



