മലപ്പുറം: ചോക്കാട് ചേനപ്പാടിയിൽ വീണ്ടും കരിമ്പുലിയുടെ സാന്നിധ്യം. വ്യാഴാഴ്ച രാത്രി ചേനപ്പാടി പള്ളിക്കു സമീപം താമസിക്കുന്ന ഞാറക്കാടൻ സിറാജിന്റെ വീടിനടുത്താണ് പുലി എത്തിയത്. വീട്ടു മുറ്റത്തുണ്ടായിരുന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ പുലി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് പിന്തിരിയുകയായിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ചേനപ്പാടി, വേപ്പിൻകുന്ന്, മരുതങ്ങാട് മേഖലകളിൽ ആറാം തവണയാണ് കരിമ്പുലി നാട്ടിലിറങ്ങുന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഞാറക്കാടൻ അബ്ദുറഹ്‌മാൻ റോഡിലൂടെ നടന്നുപോകുന്ന പുലിയെ ആദ്യം കണ്ടത്. തുടർന്ന് അദ്ദേഹം അനുജൻ സിറാജിനെ വിവരമറിയിക്കുകയായിരുന്നു. സിറാജ് ടോർച്ചുമായി പുറത്തിറങ്ങുന്നതിനു മുമ്പാണ് പുലി ജാസ്മിനു നേരെ പാഞ്ഞടുത്തത്.

പ്രദേശത്ത് പുലിയുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. ചേനപ്പാടിയിൽ മാത്രം മൂന്നു വളർത്തുനായ്ക്കളെ പുലി കൊന്നിട്ടുണ്ട്. രണ്ടാഴ്ച മുൻപ് സിറാജിന്റെ വീടിനടുത്തുള്ള തോട്ടിൽ കുറുക്കന്റെ പാതി തിന്ന നിലയിലുള്ള ജഡം കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് വേപ്പിൻകുന്നിലെ തോട്ടിൽ പുലിയെ ആദ്യമായി കണ്ടിരുന്നു. അന്ന് കണ്ടെത്താനായ കാൽപ്പാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.