കൊച്ചി: വാഴയിലയിൽ മുട്ടയും ചെമ്പരത്തി പൂവും തുളസിയിലയും.. ചുറ്റും മഞ്ഞൾപ്പൊടി... വീടിനു മുന്നിലെ കാഴ്ചകണ്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വാരനും കുടുംബവും ഞെട്ടി. വീടിന്റെ മതിലിനോട് ചേർന്നാണ് കഴിഞ്ഞദിവസം 'കൂടോത്ര' വസ്തുക്കൾ കണ്ടെത്തിയത്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വേണ്ടി ആരെങ്കിലും ചെയ്തതാകാം എന്നാണ് നിഗമനം.

സംഭവത്തിൽ സിജോ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാൻ വകുപ്പില്ലാത്തതിനാൽ കൂടോത്രവസ്തുക്കളുമായി മടങ്ങി. വിവരം അറിഞ്ഞ് സംഭവസ്ഥലം സന്ദർശിക്കാൻ നിരവധി നാട്ടുകാരുമെത്തി.

നാട് ഏറെ പുരോഗമിച്ചിട്ടും ഇത്തരം തെറ്റായ പ്രവണതകൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ അന്വേഷണം വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിജോ പറഞ്ഞു. ഇത് ആരുടെയെങ്കിലും കുബുദ്ധിയായിരിക്കുമെന്നും ഇതിലൊന്നും വിശ്വാസമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.