ചെന്നൈ: കൂറിയര്‍ സ്ഥാപനത്തില്‍ നിന്നെന്ന വ്യാജേന യുവതിയില്‍ നിന്ന് 3.6 ലക്ഷം രൂപ തട്ടിയെടുത്തകേസില്‍ രണ്ടു മലയാളികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ നിതിന്‍ ജോസഫ് (31), എ. റമീസ് (31) എന്നിവരെയാണ് തമിഴ്‌നാട് സൈബര്‍ ക്രൈം പോലീസ് കേരളത്തില്‍നിന്ന് അറസ്റ്റുചെയ്തത്. ഇരുവരെയും ചെന്നൈയിലെത്തിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ മൈലാപ്പൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫെഡെക്സ് കൂറിയര്‍ സ്ഥാപനത്തില്‍ നിന്നാണെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ ഫോണില്‍ വിളിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം. സ്ത്രീയുടെ വിലാസത്തിലെ കൂറിയര്‍ പാഴ്‌സലില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്നും ഉടന്‍ മുംബൈ പോലീസ് ബന്ധപ്പെടുമെന്നുമാണ് ഫോണില്‍ പറഞ്ഞത്.

വൈകാതെ മുംബൈ പോലീസില്‍നിന്നുള്ള സൈബര്‍ ക്രൈം ഉദ്യോഗസ്ഥന്‍ എന്നവകാശപ്പെട്ട് മറ്റൊരാളും യുവതിയെ വിളിച്ചു. ഇതോടെ ഭയന്നുപോയ യുവതി മയക്കുമരുന്നു കേസില്‍ നിന്ന് ഒഴിവാക്കാനായി ഉടന്‍ പണം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതേത്തുടര്‍ന്ന്, യുവതി 3.6 ലക്ഷം രൂപ അവര്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. അവര്‍ സൈബര്‍ ക്രൈം പോലീസില്‍ പരാതിനല്‍കി.

യുവതി പണമയച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കേരളത്തിലാണെന്നു മനസ്സിലായത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് നിതിന്‍ ജോസഫും റമീസും അറസ്റ്റിലായത്. കഴിഞ്ഞ നാലുമാസത്തിനിടെ തമിഴ്‌നാട്ടില്‍ 500-ഓളം പേര്‍ കൂറിയര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് തമിഴ്‌നാട് സൈബര്‍ ക്രൈം പോലീസ് അറിയിച്ചു.