കണ്ണൂർ: കോടിയേരി മൂഴിക്കരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോടിയേരി മൂഴിക്കരയിൽ ശ്രേയസിൽ ഷാജി ശ്രീധരന്റെ വീടിനു നേരെയാണ് തിങ്കളാഴ്ച പുലർച്ചെ ബോംബെറുണ്ടായത്.

തിങ്കളാഴ്‌ച്ച പുലർച്ചെ ഒരുമണിക്ക് ശേഷമായിരുന്നു സംഭവമെന്നാണ് വീട്ടുകാർ പറയുന്നത്. വീടിനു മുറ്റത്താണ് ബോംബുവീണുപൊട്ടിയത്. പോർച്ചിൽ നിർത്തിയിട്ട കാറിനും ബുള്ളറ്റിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. സംഭവത്തിൽ ഷാജി ശ്രീധരന്റെ പരാതിയിൽ ന്യൂമാഹി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബെറുനടന്ന വീട്ടിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് കോടിയേരിയിലും പരിസരപ്രദേശങ്ങളിലും കോടിയേരി ബാലകൃഷ്ണൻ അനുസ്മരണവും മറ്റുപരിപാടികളും നടന്നത്. ഇതിനു തൊട്ടടുത്ത ദിവസമാണ് ആർ. എസ്. എസ് പ്രവർത്തകന്റെ വീടിന് നേരെ അക്രമം നടന്നത്. കൂടുതൽ അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ പൊലിസ് ജാഗ്രത പാലിച്ചുവരികയാണ്.