തൃശൂർ: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. പത്തുദിവസത്തെ പുസ്തകോത്സവവും ' ദിശകൾ' സാംസ്‌കാരികോത്സവവും രാവിലെ 10.30ന് എഴുത്തുകാരൻ എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനും സെക്രട്ടറി സി പി അബൂബക്കറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദിവസവും സെമിനാറും കലാപരിപാടികളും പുസ്തകപ്രകാശനങ്ങളും നടക്കും. ഉദ്ഘാടന ചടങ്ങിൽ സച്ചിദാനന്ദൻ അധ്യക്ഷനാവും. പുസ്തകോത്സവ ബുള്ളറ്റിൻ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പ്രകാശനം ചെയ്യും. അക്കാദമി നിർവാഹകസമിതി അംഗം വിജയലക്ഷ്മി ഏറ്റുവാങ്ങും. വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സ്‌കേപ്‌സ്-- സിറ്റി സ്‌കെച്ചസ് എന്ന ചിത്രപ്രദർശനം മദനൻ ഉദ്ഘാടനം ചെയ്യും.

ഡോ. എം എൻ വിനയകുമാർ അധ്യക്ഷനാവും. വൈകീട്ട് ആറിന് കെ ജെ ചക്രപാണി സിനിമയും കർണാടക സംഗീതവും എന്ന സംഗീത പരിപാടി അവതരിപ്പിക്കും.ഡിസംബർ 3ന് എന്തുകൊണ്ട് ഗാന്ധിജി ? രാഷ്ട്രീയത്തിന്റെ നൈതികാടിസ്ഥാനങ്ങൾ, 4ന് മാറുന്ന നോവൽ സങ്കൽപ്പം: ദേശവും വിദേശവും, 5ന് അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നവോത്ഥനാ ധീരതയോടെ നവ കേരളം, 6ന് സൈബർ സാഹിത്യവും ജനാധിപത്യവും സാഹിത്യ മൂല്യവും, 7ന് എന്റെ യാത്രകൾ രാജ്യങ്ങളിലും സാഹിത്യത്തിലും, 8ന് ജാതിലിംഗം ജനാധിപത്യം, 9ന് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധികൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങളും എന്റെ രചനാ ലോകങ്ങൾ എന്ന വിഷയത്തിൽ സംവാദവും നടക്കും.

പ്രശസ്ത പ്രഭാഷകർ പങ്കെടുക്കും. 10ന് ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കും. വിവിധ ദിവസങ്ങളിൽ നാടൻകലാവതരണം, നാടകങ്ങൾ, മാജിക് ഷോ, കോമഡി ഷോ, മാപ്പിളപ്പാട്ടുകൾ, പുല്ലാംകുഴൽ വാദനം, ഭരതനാട്യം എന്നീ കലാപരിപാടികൾ ഉണ്ടാവും. ഡിസംബർ 11ന് സമാപനസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.