ഇടുക്കി: കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പത്തനംതിട്ട വലഞ്ചുഴി സ്വദേശി ഹാരിസ് ഖാനാണ് പിടിയിലായത്. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിൽ മാറി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയാണ് അറസ്റ്റ്. ജനുവരിയിൽ തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തിയാക്കിയെങ്കിലും കരാറെടുത്തയാൾക്ക് ബിൽ മാറി നൽകിയില്ല.

നാലര ലക്ഷം രൂപയുടെ രണ്ട് ശതമാനം വേണമെന്നായിരുന്നു സെക്രട്ടറിയുടെ ആവശ്യം. ഇതോടെ കരാറെടുത്തയാൾ വിജിലിൻസിനെ സമീപിക്കുകയായിരുന്നു. മുമ്പും പല തവണ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.