കൊച്ചി: കേന്ദ്ര സർക്കാരിനോടും ആർഎസ്എസിനോടും ചില മാധ്യമങ്ങൾ വിധേയത്വം കാണിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളം അതിൽ നിന്ന് അൽപ്പം പോലും പിറകോട്ടല്ല. മാധ്യമങ്ങൾ പറയുന്നതെല്ലാം വിഴുങ്ങുന്നവരല്ല ജനങ്ങളെന്ന് മനസിലാക്കണം. ഒരു വിഭാഗം മാധ്യമങ്ങൾ ആഞ്ഞുപിടിച്ചിട്ടും കർണാടകയിൽ ബിജെപിയെ രക്ഷിക്കാനായില്ല. അത് പ്രതീക്ഷ നൽകുന്നതാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'ഫോർത്ത് എസ്റ്റേറ്റിൽ കാവി കയറുമ്പോൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്.

രാജ്യത്ത് ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങൾ മോദിക്ക് നൽകുന്ന സ്ഥിതിയാണുള്ളത്. അതേസമയം, ബിജെപി പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഏതെങ്കിലും ഒരു നേതാവിന്റെ തലയിൽ കെട്ടിവയ്ക്കും. ഇതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കർണാടകയിൽ ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ തലയിൽ കെട്ടിവച്ച സാഹചര്യമുണ്ടായെന്നും ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

തന്റെ 35 വർഷത്തെ കരിയറിൽ മാധ്യമങ്ങൾ ഒരു പ്രത്യയ ശാസ്ത്രത്തിനോ സർക്കാരിനോ പൂർണമായും കീഴടങ്ങുന്ന അവസ്ഥ കണ്ടിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ വിമർശിക്കുന്ന ഒരു വാർത്ത പോലുമുണ്ടാകുന്നില്ല. മഹാരാഷ്ട്രയിലെ ഒരു റാലിയിൽ അമിത് ഷാ പങ്കെടുത്തിരുന്നു. അന്ന് സാധാരണക്കാരായ പതിനഞ്ച് പേരാണ് സൂര്യതാപമേറ്റ് മരിച്ചത്. ചൂടിനെ വകവയ്ക്കാതെ ആളുകൾ തടിച്ചുകൂടിയെന്ന് അമിത് ഷാ അഭിമാനം കൊണ്ടപ്പോൾ അവിടെയെത്തിയ ജനങ്ങൾക്ക് വെള്ളം നൽകാൻ പോലുമുള്ള സംവിധാനം ഒരുക്കിയിരുന്നില്ല.

പതിനഞ്ച് പേരുടെ ജീവൻ നഷ്ടമായ ആ സംഭവം പല മാധ്യമങ്ങൾക്കും ചെറിയ വാർത്തയായിരുന്നു. പലരും അമിത് ഷായുടെ പേര് പോലും നൽകിയില്ല. വേറെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റെ റാലിയിലാണ് ആ സംഭവമെങ്കിൽ എന്താകുമായിരിക്കും സ്ഥിതിയെന്നും ജോൺ ബ്രിട്ടാസ് എംപിചോദിക്കുന്നു.