തൃശൂർ: പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂരിൽ 11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം സ്വദേശികളായ മാഫിജൂദിൻ (34), ഇസാസുൽ ഇസ്ലാം (27) എന്നിവരെ കുട്ടനെല്ലൂരിൽ വെച്ച് തൃശൂർ എക്സൈസ് സ്ക്വാഡും ഇന്റലിജൻസ് ബ്യൂറോയും (ഐ.ബി.) സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

നിർമ്മാണത്തൊഴിലാളികൾക്കും ഡ്രൈവർമാർക്കും ഇവർ മയക്കുമരുന്ന് വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് എക്സൈസ് സംഘം ഇവരെ പ്രത്യേകം നിരീക്ഷിച്ച് വരികയായിരുന്നു. എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.എം. ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. കണ്ണൻ, സി.ജെ. റിജോ എന്നിവരും പരിശോധനാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.