കണ്ണൂർ: മൊകേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠി ക്ലാസ് മുറിക്കുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. റെസ്ലിം​ഗ് മോഡലിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച മൊകേരി രാജീവ് ​ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. പ്ലസ് വൺ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർത്ഥിയാണ് മറ്റൊരു വിദ്യാർത്ഥിയെ മർദ്ദിച്ചത്.

ഇന്റർവെൽ സമയത്ത് ക്ലാസിലെ ഡസ്കിന് മുകളിലിരിക്കുകയായിരുന്ന സഹപാഠിയുടെ അടുത്തേക്ക് ഓടിയെത്തി, ഇയാളെ ചാടി വലിച്ച് താഴെയിട്ടാണ് ആക്രമണം ആരംഭിച്ചത്. റെസ്ലിം​ഗിൽ കാണുന്ന രീതിയിൽ വിദ്യാർത്ഥിയുടെ ദേഹത്തേക്ക് ചാടി വീണ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ഭയത്തോടെ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവം പുറത്തറിഞ്ഞത് വിദ്യാർത്ഥികളിലൊരാൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചതോടെയാണ്. ആദ്യം കുട്ടികൾ ഇത് സ്കൂൾ അധികൃതരെ അറിയിച്ചിരുന്നില്ല. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഇന്ന് സ്കൂളിൽ പി.ടി.എയും മാനേജ്മെന്റും അടിയന്തര യോഗം വിളിച്ചു. സംഭവത്തെക്കുറിച്ച് പോലീസിലും വിവരം അറിയിച്ചിട്ടുണ്ട്. മർദ്ദനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.