കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണയിലെ മുഴത്തടം യു.പി സ്‌കൂളിൽ കള്ളൻ കയറി. സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാഗം, ഹെഡ് മാസ്റ്ററുടെ മുറി, ഓഫീസ് റൂം എന്നിവയുടെ പൂട്ട് തകർത്ത നിലയിലാണ്. അങ്കണവാടിയിൽ കയറിയ കള്ളൻ അവിടെ നിന്നും കഞ്ഞി കുടിച്ചാണ് സ്ഥലം വിട്ടത് അവിടെയുണ്ടായിരുന്ന മുട്ട, മുളക്, ഉപ്പ് എന്നിവ ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കിയാണ് കഞ്ഞി കുടിച്ചത്.

ഇതിനു ശേഷം പ്‌ളേറ്റുകൾ സ്‌കൂളിന് പുറത്ത് വച്ചാണ് സ്ഥലം വിട്ടത്. പാചകം ചെയ്യാൻ ഉപയോഗിച്ച ഉള്ളി ബാക്കിയായത് അവിടെ തന്നെ കിടപ്പുണ്ട്. അങ്കണവാടിക്ക് സമീപത്തായി സ്‌കൂളിൽ നിന്നും കളവ് ചെയ്ത രണ്ട് ലാപ് ടോപ് ഉൾപ്പെട്ട ബാഗും കത്തി വാളും അവിടെ ഉപേക്ഷിച്ച നിലയിലാണ്.

സ്‌കൂൾ ബസ് കോംപൗണ്ടിനുള്ളിലാണ് പാർക്ക് ചെയ്യാറുള്ളത്. കള്ളൻ കയറിയത് ഇന്ന് രാവിലെ സ്‌കൂൾ ഗേറ്റ് തുറന്ന ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല അദ്ധ്യാപിക വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതിലുകൾ തുറന്നിടുകയും ഓഫിസ് റൂമിലെ ഫയൽ വാരി വലിച്ചിടുകയും ചെയ്ത കാഴ്ചയാണ് കണ്ടത്. ഓഫിസ് മുറിയിലെ ലാപ് ടോപ്പ് കൊണ്ടുപോകാനായി പുറത്ത് തുണിയിൽ കെട്ടിവെച്ചുവെങ്കിലും അതു അവിടെ തന്നെ ഉപേക്ഷിച്ച നിലയിലാണുള്ളത.

ഇവർ ഉടൻ പ്രധാന അദ്ധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം നടത്തിയ പരിശോധനയിൽ ഓഫീസ് മുറിയിൽ നിന്നും 9500 രൂപ നഷ്ടപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. തുടർന്ന് അദ്ധ്യാപകൻ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്ത് എത്തുകയുമായിരുന്നു. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ വിനു മോഹന്റെ നേതൃത്വത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഭാത് ജങ്ഷനടുത്ത് അങ്കൺവാടിയിൽ കയറിയ മോഷ്ടാവും ഇതിന് സമാനമായി കഞ്ഞി കുടിച്ചാണ് സ്ഥലം വിട്ടത്.