കണ്ണൂർ: കണ്ണൂരിൽ വയോധിക ദമ്പതികളെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എ.കെ. ശ്രീലേഖ (69) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന ഇവരുടെ മക്കൾ പതിവായി വിളിക്കുന്നതിന് മറുപടി ലഭിക്കാതെ വന്നതിനെ തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവമറിഞ്ഞയുടൻ വളപട്ടണം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.