കോഴിക്കോട്: കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ബസ്സിന്റെ ചില്ല് തകർന്നു. ചില്ല് തെറിച്ച് ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചേവായൂർ റൂട്ടിലോടുന്ന കടുപ്പയിൽ ബസ്സിലെയും ചെവരമ്പലം റൂട്ടിലോടുന്ന മാനിർഷാ ബസ്സിലെയും ജീവനക്കാർ തമ്മിലാണ് വാക്കേറ്റമുണ്ടായത്. സിവിൽ സ്റ്റേഷനിലെത്തിയപ്പോഴുള്ള സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് ബസ് സ്റ്റോപ്പിൽ വെച്ച് സംഘർഷത്തിൽ കലാശിച്ചത്.

രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിൽ വെച്ച് കടുപ്പയിൽ ബസ് ഡ്രൈവർ, മാനിർഷാ ബസ്സിന്റെ മുൻവശത്തെ ചില്ല് ഹോളോ ബ്രിക്ക് ഉപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലേക്ക് ഇരു ബസ്സുകളെയും മാറ്റിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷന് സമീപത്തും ഇരു ബസ്സുകൾക്കിടയിൽ സമാനമായ തർക്കമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.