കണ്ണൂർ താൻ മാത്രമല്ല ബിജെപിയിലേക്ക് ഇനിയും കൂടുതൽ പേർ വരുമെന്ന് മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ബിജെപിയിൽ ചേർന്ന നേതാവുമായ സി.രഘുനാഥ് പറഞ്ഞു. കണ്ണൂർ ബിജെപി ഓഫിസായ മാരാർജി ഭവനി ൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാർട്ടികളിൽ നിന്നും ആളുകൾ ബിജെപിയിൽ വരു നാളുകളിൽ ചേരും. കെ.സുധാകരൻ ബിജെപിയിലേക്ക് വരുമോയെന്ന കാര്യം തനിക്കറിയില്ല. അദ്ദേഹം ഒരുപാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. അക്കാര്യത്തിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ല-അദ്ദേഹം പറഞ്ഞു.

താൻ ബിജെപിയിൽ ചേരുമോയെന്ന കാര്യം കെ.സുധാകരൻ തന്നെയാണ് പറയേണ്ടത് എന്നാൽ ബിജെപിയിലേക്ക് ആർക്കും വരാം. മത ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ ചേരുന്ന പാർട്ടിയാണ് ബിജെപി. ഈ പാർട്ടിക്ക് ആരുമായും അകൽച്ചയില്ല. സുധാകരൻ വന്നാലുംമുഖ്യമന്ത്രി പിണറായി വിജയൻ വന്നാലും മറ്റാരു ചേർന്നാലും സ്വീകരിക്കും. ബിസിനസ് വളർത്താനാണ് താൻ ബിജെപിയിൽ ചേർന്നതെന്ന ആരോപണം തെറ്റാണ്. താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്തും പാർട്ടി പ്രവർത്തനവും ബിസിനസും കൂട്ടിക്കുഴച്ചിട്ടില്ല. ഞാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി 16 മണിക്കൂർ വരെ പ്രവർത്തിച്ചിട്ടുണ്ട്. താൻ സുധാകരന്റെ ഇലക്ഷൻ ചീഫ് ഏജന്റായും തെരഞ്ഞെടുപ്പ് മുഖ്യ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ധർമ്മടം മണ്ഡലത്തിലെ 160 ബുത്തുകളിലെ പ്രവർത്തകരെയും പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട്. ബൂത്ത് തലം മുതൽ പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും നന്നായി അറിയാം. കഴിഞ്ഞ തെരഞ്ഞെടുപിൽ കെ.സുധാകരന് 4300 ധർമ്മടം മണ്ഡലത്തിൽ കുറവുണ്ടായിരുന്നുള്ളൂ.

തന്റെ ബന്ധുക്കളായ 35 കുടുംബങ്ങൾ തനിക്ക് ബിജെപിയിൽ ചേരാൻ പിൻതുണ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസുകാർ പാർട്ടി വിടും. തനിക്ക് ഇപ്പോൾ സംഘികളസം തയ്‌പ്പിച്ചു തന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ തങ്ങളുടെ സഹയാത്രികനാകാൻ ക്ഷണിച്ചു എന്റെ വീട്ടിൽ രാത്രിയിൽവന്നിരുന്നു. താൻ വിസമ്മതിച്ചപ്പോൾ പിറ്റേന്ന് പുലർച്ചെ വീടിന്റെ ഗേയ്റ്റിനു മുൻപിൽ നേതാക്കൾ കാത്തു നിന്നു പാർട്ടിയിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ചു ഇനി അഥവാ തങ്ങളു കൂടെ വന്നില്ലെങ്കിലും ബിജെപിയിലേക്ക് പോകരുതെന്നായിരുന്നു അവരുടെ അഭ്യർത്ഥന.എന്നാൽ സിപിഎമ്മിന്റെ ആശയങ്ങളുമായി ഒത്തു പോകാൻ കഴിയാത്തതിനാലാണ് അവരുടെ കൂടെ പോകാഞ്ഞത്. കൂടുതൽ നല്ലത് ബിജെപിയാണെന്നു തോന്നി.ബിജെപിയിൽ താൻ ബൂത്തുതലത്തിലുള്ള സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും. താൻ കോൺഗ്രസ് വിടരുതെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത പ്രവർത്തകരുണ്ട്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നുംമത്സരിക്കണോയെന്ന കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ് . പാർട്ടി തീരുമാനം അനുസരിക്കുകയാണ് താൻ ചെയ്യുക. യാതൊരു സ്ഥാനമാനങ്ങൾക്കും വേണ്ടി താൻ ഡിമാൻഡ് ചെയ്തിട്ടില്ല ബിജെപിയിൽ ഒരു സാധാരണ പ്രവർത്തകനായി തുടരുമെന്നും സി.രഘുനാഥ് പറഞ്ഞു. ഡി.എഫ്.ഐ ജില്ല പ്രസിഡന്റ് എൻ. ഹരിദാസ്, കെ.ദാമോദരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.