മലപ്പുറം: അമരമ്പലം പഞ്ചായത്തിൽ നിർമ്മാണത്തിലിരിക്കുന്നതും പണി പൂർത്തിയായതുമായ വീടുകളിൽ ഇലക്ട്രിക് വയറിംഗ് കേബിളുകൾ മോഷ്ടിക്കുന്നത് പതിവാകുന്നു. സീലിംഗ് ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കിയ വീടുകളിൽ നിന്ന് വയറുകൾ വലിച്ച് പുറത്തെടുക്കുന്നതോടെ വീട്ടുടമകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്.

പഞ്ചായത്തിലെ വിവിധയിടങ്ങളിൽ സമാനമായ രീതിയിലുള്ള മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടിന്റെ വയറിംഗ് ജോലികൾ പൂർത്തിയാക്കി സ്വിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ച ശേഷം, പ്രധാന പൈപ്പുകൾ വഴി വയറുകൾ വലിച്ച് പുറത്തെടുക്കുകയാണ് മോഷ്ടാക്കൾ ചെയ്യുന്നത്.

ഒരു വീട്ടിൽ മാത്രം ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സീലിംഗ് പണികൾ കഴിഞ്ഞതിനാൽ, ഇനി മോഷ്ടിക്കപ്പെട്ട വയറുകൾ പുനഃസ്ഥാപിക്കണമെങ്കിൽ സീലിംഗ് പൂർണ്ണമായും പൊളിച്ചുനീക്കേണ്ടി വരും. സാധന സാമഗ്രികളുടെ വിലയും പണിക്കൂലിയും ചേരുമ്പോൾ വലിയൊരു തുക ഉടമകൾക്ക് കണ്ടെത്തേണ്ടി വരുന്നു.