- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കലണ്ടറിൽ 32 ദിവസം; മനോരമയിലും മറ്റ് കലണ്ടറുകളിലും 31; സത്യത്തിൽ അടുത്ത ചിങ്ങത്തിലെ ദിവസങ്ങളെത്ര
കൊച്ചി:അടുത്ത വർഷം ചിങ്ങമാസത്തിലെ ദിവസങ്ങൾ എത്രയെന്ന കാര്യത്തിൽ വ്യത്യസ്തതകളുമായി കലണ്ടറുകൾ.31 എന്നും 32 എന്നും കലണ്ടറുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.സർക്കാർ കലണ്ടറിൽ 32 ദിവസമുണ്ടെങ്കിൽ മനോരമ ഉൾപ്പെടെയുള്ള കലണ്ടറുകളിൽ 31 ദിവസമേയുള്ളൂ എന്നതാണ് ചിങ്ങത്തിലെ ദിവസങ്ങൾ സംബന്ധിച്ച തർക്കത്തിന് ഇടയാക്കുന്നത്.
എന്നാൽ ജ്യോതിഷശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ചിങ്ങത്തിൽ 31 ദിവസമേ ഉണ്ടാവുകയുള്ളൂവെന്നാണ് പ്രമുഖ ജ്യോതിഷികളുടെ അഭിപ്രായം.മധ്യകേരളത്തിലെ അക്ഷാംശവും സൂര്യോദയവും അടിസ്ഥാനമാക്കി ഗണിക്കുമ്പോൾ സൂര്യസംക്രമത്തിന്റെ സമയവ്യത്യാസം മൂലം ചിങ്ങമാസത്തിന് 31 ദിവസം മാത്രമേ വരൂ എന്നു പഞ്ചാംഗഗണിതകർത്താക്കളായ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,പാലക്കാട് ചെത്തല്ലൂർ പുളിയത്ത് വിജയകുമാർ ഗുപ്തൻ എന്നിവർ അറിയിച്ചു.കന്നി കഴിഞ്ഞു തുലാം മുതലുള്ള മാസങ്ങളിൽ സർക്കാർ കലണ്ടറിലും മറ്റു കലണ്ടറുകളിലും മലയാളം തീയതികൾ ഒരുപോലെയായിരിക്കുമെന്നും ഇവർ ശാസ്ത്രത്തെ മുൻനിർത്തി പറയുന്നു.
കേന്ദ്രസർക്കാരിന്റെ 1950ലെ ഉത്തരവനുസരിച്ച് ഓരോ സംസ്ഥാനത്തെയും തലസ്ഥാനനഗരത്തിലെ അക്ഷാംശവും സൂര്യോദയസമയവും അടിസ്ഥാനമാക്കി വേണം അതതു സംസ്ഥാനത്തേക്കുള്ള കലണ്ടർ ഗണിക്കാൻ എന്നതിനാലാണ് അടുത്ത ചിങ്ങമാസത്തിന് 32 ദിവസം കണക്കാക്കേണ്ടിവരുന്നതെന്നു സർക്കാർ കലണ്ടർ ഗണിച്ച ഡോ. കെ.ബാലകൃഷ്ണ വാരിയർ അറിയിച്ചു.
തിരുവനന്തപുരത്തെ അക്ഷാംശവും സൂര്യോദയവും കണക്കാക്കുമ്പോൾ കന്നിയിലേക്കുള്ള സൂര്യസംക്രമം വരുന്നത് 2023 സെപ്റ്റംബർ 17ന് ഉച്ചകഴിഞ്ഞ് 1.33നാണ്.അതുകൊണ്ടാണു ചിങ്ങമാസത്തിനു 32 ദിവസമായും സെപ്റ്റംബർ 18നു കന്നി 1 ആയും സ്വീകരിച്ചതെന്നും ഡോ. വാരിയർ വ്യക്തമാക്കി.




