തൃശൂർ: കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ദേശീയപാതയിൽ മുരിങ്ങൂരിൽ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്.

തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. കാറിൽ നിന്ന് പുകയുയരുകയും കരിഞ്ഞ ഗന്ധം വരികയും ചെയ്തതോടെ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങി. ഉടൻതന്നെ വലിയ ശബ്ദത്തോടെ കാർ ആളിക്കത്തുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.

തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാർ ഓടിച്ചത്. ചാലക്കുടിയിൽ നിന്ന് അഗ്‌നിശമനസേനയെത്തി തീകെടുത്തിയ ശേഷം കാർ റോഡിനു നടുവിൽ നിന്ന് മാറ്റി.