പത്തനംതിട്ട: തിരുവല്ലയിൽ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി. കാറിൽ സഞ്ചരിച്ചിരുന്ന വയോധികൻ ഉൾപ്പെടെയുള്ള മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരുടെ ഇടപെടലാണ് നിർണ്ണായകമായത്.

തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭർത്താവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയിൽവെ അടിപ്പാതയിലാണ് സംഭവം. ചെങ്ങന്നൂർ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാർ മുന്നോട്ടെടുത്തത്. ഇതോടെ കാർ തിരിച്ചുകയറ്റാനാവാത്ത വിധം വെള്ളത്തിലകപ്പെട്ടു.

കാർ ഓഫായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മണിമലയാറിൽനിന്ന് നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയിൽ അഞ്ചടിയോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാൻ റെയിൽവേ എൻജിനീയറിങ് വിഭാഗം ശമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.