പത്തനംതിട്ട: ഓമല്ലൂർ കുരിശടി ജങ്ഷനിൽ നാലു വാഹനങ്ങളുടെ കൂട്ടയിടി. മാരുതി 800 കാർ പൂർണമായി തകർന്നു. അഞ്ചു പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ലെങ്കിലും ഒരു മണിക്കൂറോളം രണ്ടു റോഡുകളിൽ ഗതാഗത തടസം നേരിട്ടു.

ഉച്ചയ്ക്ക് 1.15 നാണ് അപകടം നടന്നത്. പത്തനംതിട്ടയിൽ നിന്നും കുളനട മെഡിക്കൽ ട്രസ്റ്റിലേക്ക് രോഗിയെ കൊണ്ടുവരാൻ പോയ സേവാഭാരതിയുടെ ആംബുലൻസ്, പത്തനംതിട്ടയിൽ നിന്ന് ഉളനാട് ഭാഗത്തേക്ക് പോയ മാരുതി 800 കാർ, എതിരേ വന്ന ഹ്യൂണ്ടായ് ഐ 10, പത്തനംതിട്ട-അമ്പലക്കടവ്-കുളനട വഴി പന്തളത്തിന് സർവീസ് നടത്തുന്ന സ്വകാര്യ ബസ് എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

പത്തനംതിട്ടയിൽ നിന്ന് വന്ന ആംബുലൻസും മാരുതി കാറും ഒരേ സമയം കുരിശടി ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കാർ ഒതുക്കി എന്ന് വിചാരിച്ചാണ് അമിത വേഗതയിൽ ആംബുലൻസ് ഡ്രൈവർ വാഹനം വലത്തേക്ക് തിരിച്ചത്. ഇതേ സമയം തന്നെ മാരുതി കാറും വലത്തേക്ക് തിരിഞ്ഞു. തുടർന്ന് ആംബുലൻസ് മാരുതി കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിരേ വന്ന ഹ്യൂണ്ടായ് ഐ 10 കാറിലേക്കാണ് മാരുതി കാർ ചെന്നിടിച്ചത്. നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ കുരിശടി സ്റ്റോപ്പിൽ നിർത്തി ആളു കയറുകയായിരുന്ന നിവേദ് എന്ന സ്വകാര്യ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ ടാങ്ക് പൊട്ടി ഡീസൽ റോഡിലേക്ക് ചീറ്റിയൊഴുകി. മാരുതി കാറിന്റെ മുന്നിലെ രണ്ട് എയർ ബാഗുകളും വിടർന്നതിനാൽ യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. ഈ വാഹനത്തിലുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. ആംബുലൻസിന്റെ ടാങ്കിൽ നിന്ന് ചോർന്ന ഡീസൽ ഫയർ ഫോഴ്സ് എത്തി സോപ്പു പൊടി ഉപയോഗിച്ച് കഴുകി. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റി. പൊലീസും ഫയർ ഫോഴ്സും ചേർന്ന് ഒരു മണിക്കുറോളം എടുത്ത് വാഹനങ്ങൾ മാറ്റി.

പത്തനംതിട്ട-പന്തളം-അടൂർ, പത്തനംതിട്ട-ഇലവുംതിട്ട റോഡിലും ഒരു മണിക്കുറോളം ഗതാഗതതടസവും േനരിട്ടു.