കൊല്ലം: അഞ്ചാലുംമൂട്ടിൽ വാഹനത്തിന്റെ ഹോൺ മുഴക്കിയതിന്റെ കാറിന്റെ ചില്ലുതകർത്തു. രണ്ടംഗ സംഘമാണ് കാറിന്റെ ചില്ല് തകർത്തത്. യുവതി കുടുംബമായി യാത്ര ചെയ്ത കാറിനുനേരെയായിരുന്നു ആക്രമണം. പിടിയിലായ പ്രതികൾ സ്റ്റേഷനുള്ളിൽ വച്ചും പരാതിക്കാരിക്കെതിരെ വധഭീഷണി മുഴക്കി.

കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് പുലർച്ചെ കാറിൽ യാത്ര ചെയ്യവേയാണ് ആക്രമണം. തിരുവനന്തപുരം സ്വദേശി അഞ്ജലി രഘുനാഥ്, ഭർത്താവ് അമൽ ഷേഹു, ഭർതൃസഹോദരൻ സമൽ ഷേഹു എന്നിവർക്കുനേരെയായിരുന്നു ആക്രമണം.

യാത്രയ്ക്കിടെ കടവൂരിനുസമീപം റോഡിൽ കുറുകെ നിർത്തിയിട്ടിരുന്ന കാർ മാറ്റാനായി അഞ്ജലി ഹോൺ മുഴക്കി. കാറിലെ യാത്രക്കാരായ അഖിൽ രൂപ്, ജെമിനി ജസ്റ്റിൻ എന്നിവർ അഞ്ജലിയെയും കുടുംബത്തെയും അസഭ്യം പറയുകയും പിന്തുടർന്നെത്തി കാറിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും ചെയ്തു.

സ്റ്റേഷനുള്ളിൽവച്ചും പ്രതികളിലൊരാൾ പരാതിക്കാരിക്കെതിരെ വധഭീഷണി മുഴക്കി. പ്രതികൾക്കെതിരെ സ്ത്രീകളെ ആക്രമിക്കൽ, സംഘംചേർന്ന് ആക്രമണം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.