പാലക്കാട്: വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ടു. പാലക്കാട് തൃത്താല ആനക്കര സ്വദേശി ഗിരീഷിന്റെ കാറാണ് കത്തി നശിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ തൃത്താത്തല പോലിസ് കസ്റ്റഡിയിലെടുത്തു. അധ്യാപകനാണയ ഗിരീഷ് വീട്ടിലേക്ക് കാറെത്താത്തതിനാല്‍ ബന്ധുവായ കണ്ണംകുഴിയില്‍ ദിനേഷ് കുമാറിന്റെ വീട്ടിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. ദിനേഷ് കുമാറും വീട്ടുകാരും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിന്റെ മുന്‍ഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ടു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. അപ്പോഴേക്കും കാറിന്റെ മുന്‍ഭാഗം ഭാഗികമായി കത്തി നശിച്ചിരുന്നു.

കഴിഞ്ഞ ദിവസം കാര്‍ നിര്‍ത്തിയിട്ട വീടിന് മുന്നില്‍ പ്രദേശവാസിയായ ജിതേഷും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. മദ്യപിച്ചെത്തിയ ജിതേഷ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തള്ളിയിട്ടു. ഇത് ഇതിന്റെ തുടര്‍ച്ചയായാണ് കാറിന് തീയിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.