കണ്ണൂർ: വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ മുഴക്കുന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച് സ്‌കൂളിൽ എസ്എഫ്‌ഐ സമരം നടത്തിയിരുന്നു. സ്‌കൂളിലെ സാമൂഹിക ശാസ്ത്ര അദ്ധ്യാപകൻ ഹസനെതിരെയാണ് പരാതിയുയർന്നത്. ഇയാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥിനികൾ കൗൺസിലിംഗിനിടെയാണ് സ്‌കൂൾ അദ്ധ്യാപികയോട് വെളിപ്പെടുത്തിയത്.

കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിനും പൊലീസിനും പരാതി നൽകി. ഇതിന് പിന്നാലെയാണ് അദ്ധ്യാപകനെതിരെ എസ്എഫ്‌ഐ സമരം ആരംഭിച്ചത്. പൊലീസിനും ചൈൽഡ് ലൈനിനും പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും സ്‌കൂൾ അധികൃതരും പറയുന്നു.
ഹസ്സൻ മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട പെൺകുട്ടികളുടെ മൊഴി. പൊലീസ് പരിശോധിച്ചതിനു ശേഷമാണ് പോക്‌സോ കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു. എന്നാൽ ആരോപണ വിധേയനായഅദ്ധ്യാപകനെ അടിയന്തിരമായി സ്‌കൂളിൽ നിന്നും പുറത്താക്കണമെന്ന് എസ്.എഫ്.ഐ ഇരിട്ടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.