ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലെ വീട്ടിൽ നിന്നും മലമാനിറച്ചി പിടികൂടിയ സംഭവത്തിൽ പ്രതികളായ വീട്ടുടമയും സഹോദരനും മുങ്ങി. വീട്ടുടമയ്ക്കും സഹോദരനുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്നാണ് ഇവർ സ്ഥലത്തു നിന്നും മുങ്ങിയത്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ കർണാടയിലേക്ക് കടന്നുവെന്ന വിവരം വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വിയറ്റ്നാം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ ബിജു കുഞ്ഞിക്കണ്ടിപ്പറമ്പിലിന്റെ വീട്ടിൽ നിന്നും മലമാനിന്റെ ഇറച്ചി പിടികൂടിയത്. ഫോറസ്റ്റ് അധികൃതർ വീട്ടിലെത്തുമ്പോൾ വീട് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഡി എഫ് ഓ യുടെ അനുമതിയോടെ ആറളം പൊലീസിന്റെ സഹായത്തോടെ പൂട്ട് തകർത്താണ് അധികൃതർ വീട്ടിൽ കടന്നത്. തുടർന്ന് നടന്ന പരിശോധനയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ വേവിച്ചതും വേവിക്കാത്തതുമായ ഇറച്ചി പിടിച്ചെടുക്കുകയായിരുന്നു.

കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്തിനെക്കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ. ജിജിൽ, പി. പ്രകാശൻ , കെ.പി. മഹേഷ് , ആറളം പൊലീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വം മൃഗങ്ങളിലൊന്നാണ് മലമാൻ. നേരത്തെ ആറളം വനമേഖലയിൽ കണ്ടുവന്നിരുന്ന മലമാനെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചതാണെങ്കിലും ഇപ്പോഴും അതു തുടരുകയാണ്. ഇതുകൂടാതെ മറ്റു ജീവികളെയും വേട്ടയാടുന്നുണ്ട്.

ഇതിനെതിരെ നടപടി കർശനമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. വേട്ടയാടിപിടിച്ച മലമാനിനെയാണ് കൊന്നു ഇറച്ചിയാക്കിയതെന്നാണ് വിവരം.കർണാടക വനമേഖലയോട് ചേർന്നു നിൽക്കുന്ന സ്ഥലങ്ങളിലൊന്നാണ് കീഴ്പ്പള്ളി. ആറളം ഫാം മേഖലയിൽ നിന്നും ഇവിടേക്ക് വിവിധ മൃഗങ്ങൾ കടന്നുവരുന്നത് പതിവാണ്. ഇവയെ വേട്ടയാടിപ്പിടിച്ചു ഇറച്ചിയാക്കി വിൽപന നടത്തിവരികയായിരുന്നു പ്രതികളെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം.