കണ്ണൂർ: നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ മുപ്പതോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തു. കല്യാശേരി മണ്ഡപത്തിലെ നവകേരളസദസ് കഴിഞ്ഞ് മാടായിപാറയിൽ നിന്നും തളിപറമ്പ് മണ്ഡലത്തിലെ പരിപാടികൾക്കു പോകുംവഴിയാണ് എരിപുരം വൈദ്യുതി ഓഫീസിനു സമീപം വെച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലാണ് മുപ്പതുപേർക്കെതിരെ വധശ്രമത്തിന് പഴയങ്ങാടി പൊലിസ് കേസെടുത്തത്.

ഡി.വൈ. എഫ്. ഐ പ്രവർത്തകരായ അമൽ, ബാബു,സുജിത്ത്,സിബി,റമീസ്, അനുവിന്ദ്, ജിതിൻ, വിഷ്ണു, സതീഷ്,അരുൺ കണ്ണൻ,അനുരാഗ്, ഷുക്കൂർ അഹ്‌മദ്, അർജുൻ, അർഷിദ് തുടങ്ങി കണ്ടാലറിയാവുന്ന മുപ്പതോളം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, അന്യായമായി സംഘം ചേരൽ നടത്തി പ്രതിഷേധിച്ച പ്രവർത്തകരെ കൊല്ലണമെന്ന ഉദ്ദ്യേശത്തോടെ അക്രമിച്ചതിനാണ് വധശ്രമത്തിനും ഗൂഢാലോചനയ്ക്കും ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തത്.

അതേ സമയം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കരിങ്കൊടി കാണിച്ച സംഭവത്തിൽ അക്രമത്തിൽ പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മഹിതമോഹൻ, സുധീഷ് വെള്ളച്ചാൽ, രാഹുൽപുത്തൻപുരയിൽ, സായി ശരൺ, സാബു, മിഥുൻ, എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും പഴയങ്ങാടി പൊലിസ് കേസെടുത്തിട്ടുണ്ട്. ഡി.വൈ. എഫ്. ഇ ൈപ്രവർത്തകരുടെ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ യൂത്ത്- കോൺഗ്രസ് ജില്ലാസെക്രട്ടറി സുധീഷ് വെള്ളച്ചാലിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് സുധീഷ്.