സുൽത്താൻ ബത്തേരി: തെളിവെടുപ്പിനിടെ പോക്സോ കേസിലെ ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എഎസ്ഐയ്ക്കെതിരെ കേസ്. എഎസ്ഐ ടി.ജി ബാബുവിനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. വയനാട് എസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.

ഊട്ടിയിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇരയ്ക്കു നേരെ കയ്യേറ്റമുണ്ടായത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോടാണ് എഎസ്ഐ മോശമായി പെരുമാറിയത്. തെളിവെടുപ്പിൽ ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.

അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് കേസുകളിൽ ഇരയാണ് പെൺകുട്ടി. ജൂലായ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെളിവെടുപ്പിനിടെ അപമര്യാദയായി പെരുമാറുകയും ഫോട്ടോ എടുക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ഷെൽട്ടർ ഹോമിൽ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്.